ദിലീപിന് നിർണായകം; ​ഗൂഢാലോചന കേസിലെ മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ദിലീപിന് നിർണായകം; ​ഗൂഢാലോചന കേസിലെ മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും  കൂട്ടു പ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് രാവിലെ 10.15ന് വിധി പറയും. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് വിധി പറയാൻ മാറ്റിയത്.

മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റ് ചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണ സംഘം. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. മുൻകൂ‍ർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. 

അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബഞ്ച് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. 

ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെഎസ് സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോർഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ള സാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സിഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം പ്രോസിക്യൂഷൻ മറുപടി നൽകി. 

സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈജു പൗലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന പ്രതിഭാഗം വാദം തള്ളി, കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണ സംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജിയാണ്  പ്രോസിക്യൂഷനായി വാദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com