'രാത്രി കിടന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല', കൊതുകു നശീകരണത്തിന് ഒറ്റയാള്‍ പോരാട്ടവുമായി കൊച്ചി സ്വദേശി, കയ്യടി- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 08:07 PM  |  

Last Updated: 07th February 2022 08:07 PM  |   A+A-   |  

mosquito eradication

കൊതുകു നശീകരണം നടത്തുന്ന പള്ളുരുത്തി സ്വദേശി ജേക്കബ്, ഫോട്ടോ: ആല്‍ബിന്‍ മാത്യു

 

കൊച്ചി: കൊതുകു ശല്യം കാരണം പൊറുതി മുട്ടുകയാണ് കൊച്ചി നിവാസികള്‍. കോവിഡ് കാലത്ത് ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍ വരുമോ എന്ന ഭയത്തിലാണ് ഓരോ ദിവസവും നഗരവാസികള്‍ കഴിച്ചുകൂട്ടുന്നത്. ജനങ്ങളുടെ ദുരിതം മനസിലാക്കി കൊതുകു നശീകരണത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തി മാതൃകയായിരിക്കുകയാണ്് പള്ളുരുത്തി സ്വദേശി പി പി ജേക്കബ്.

കഴിഞ്ഞ ഒരുമാസമായി പതിവായി കൊതുകു നശീകരണം നടത്തുന്നുണ്ടെന്ന്
ജേക്കബ് പറയുന്നു. പ്രദേശത്തുള്ള കൊതുകുകളെ നശിപ്പിച്ചാണ് സാമൂഹിക പ്രവര്‍ത്തനം. രാത്രി കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല, പകല്‍ പോലും വീട്ടില്‍ ഇരിക്കാന്‍ കഴിയുന്നില്ല എന്നിങ്ങനെ നാട്ടുകാരുടെ പരാതികള്‍ പതിവായതോടെ, കൊതുകു നശീകരണത്തിന് രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജേക്കബ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രഭാത സവാരിക്കിടെയാണ് ജേക്കബിന്റെ സാമൂഹിക പ്രവര്‍ത്തനം. തോളില്‍ കൊതുകിനെ നശിപ്പിക്കുന്നതിനുള്ള പമ്പുമായാണ് പ്രഭാത നടത്തത്തിന് ഇറങ്ങുന്നത്. സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി കീടനാശിനി ഉള്‍പ്പെടെ വാങ്ങിയാണ് കൊതുകു നശീകരണം. കൊതുകു നശീകരണത്തിന് പുറമേ കോവിഡ് പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനശീകരണവും ചെയ്യാറുണ്ടെന്നും ജേക്കബ് പറയുന്നു.