ആശുപത്രിയിൽ പോകുന്ന വഴിയിൽ പൊലീസ് ജീപ്പ് നിർത്തിയിട്ടു; മധുവിന്റെ മരണത്തിൽ പൊലീസിനും പങ്ക്; ആരോപണവുമായി സഹോദരി

By സമകാലിക മലയാളം ഡെസ്ക്  |   Published: 07th February 2022 08:30 AM  |  

Last Updated: 07th February 2022 08:30 AM  |   A+A-   |  

madhu CASE SISTER AGAINST POLICE

ഫയല്‍ ചിത്രം

 

പാലക്കാട്; ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി സഹോദരി രം​ഗത്ത്. മർദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പൊലീസ് ജീപ്പ് പറയൻകുന്ന് ഭാഗത്ത് നിർത്തിയിട്ടെന്നാണ് മധുവിന്റെ സഹോദരി സരസുവിന്റെ ആരോപണം. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

പൊലീസിന്റെ പങ്ക് അന്വേഷിക്കണം

 2018 ഫെബുവരി 22നാണ് മധു ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയാവുന്നത്. ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പൊലീസെത്തി ജീപ്പിൽ കയറ്റി അഗളി ആളുപത്രിയിലേക്ക് കൊണ്ടുപോയത്. മുക്കാലിയിൽ നിന്ന് ഒരുകിലോമീറ്ററിൽ താഴെയുള്ള പറയൻകുന്ന് എന്ന ഭാഗത്ത് പൊലീസ് ജീപ്പ് നിർത്തിയിട്ടിരുന്നതായാണ് സഹോദരിയുടെ ആരോപണം. മരണത്തിൽ പൊലീസിൻറെ പങ്ക് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണണത്തിലേ ഇക്കാര്യം വെളിപ്പെടൂ എന്നും വ്യക്തമാക്കുന്നു

കൂറുമാറാൻ രണ്ട് ലക്ഷം വാ​ഗ്ദാനം

കേസിലെ പ്രധാന സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരായതിനാൽ കൂറുമാറുമെന്ന സംശയവും കുടുംബം പങ്കുവച്ചു. സാക്ഷികളിലൊരാൾക്ക് പ്രതികൾ ഇതിനായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സഹോദരി ആരോപിക്കുന്നു. കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ക്രൂരമായി മധുവിനെ മർദ്ദിച്ചെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ എല്ലാ പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. 

സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഒന്നാം പ്രതി ഹുസൈൻറെ ചവിട്ടേറ്റ് വീണ മധുവിൻറെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിൻറെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്.