'മരണം വരെയും പാമ്പ് പിടിക്കും, ഇത് രണ്ടാം ജന്മം'; വാവ സുരേഷ് ആശുപത്രി വിട്ടു, വീട്ടില്‍ വിശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 11:46 AM  |  

Last Updated: 07th February 2022 11:53 AM  |   A+A-   |  

vava suresh health improves

ചിത്രം; ഫേയ്സ്ബുക്ക്

 

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്ത് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 

രണ്ടാം ജന്മമാണെന്നും മന്ത്രി വി എൻ വാസവൻ തനിക്ക് ദൈവത്തിന് തുല്യനാണെന്നും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. "അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. അവിടെ എത്തുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല, പിന്നെ നാലാം ദിവസമാണ് ഓര്‍മ്മ വരുന്നത്. ലോകത്ത് ഒരു മന്ത്രി ഒരു സാധാരണ മനുഷ്യന് പൈലറ്റ് പോകുന്നത് ആദ്യമായിരിക്കും. വാസവന്‍ സാര്‍ എനിക്ക് ദൈവത്തിന് തുല്യനാണ്", വാവ സുരേഷ് പറഞ്ഞു. 

"2006ലാണ് ഞാന്‍ ആദ്യമായി കേരള വനം വകുപ്പിന് പാമ്പിനെ പിടിക്കാന്‍ പരിശീലനം കൊടുക്കുന്നത്. അന്നൊന്നും കേരളത്തില്‍ മറ്റു പാമ്പുപിടിത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോ എനിക്കെതിരെ ഒരു ക്യാമ്പെയിന്‍ നടത്തുകയാണ്. പാമ്പുപിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് വരെ പറയുന്നുണ്ട്." ഇനി പാമ്പുപിടിക്കുമ്പോള്‍ ചിന്തിച്ച് മുന്നോട്ടുപോകുമെന്നും മരണം വരെയും പാമ്പ് പിടിക്കുമെന്നും വാവ സുരേഷ് പറ‍ഞ്ഞു. 

നിലവിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖന്റെ കടിയേറ്റതിനെ തുടർന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.