'ഇത്ര അത്യാവശ്യം എന്തായിരുന്നു?; ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല': ലോകായുക്ത ഓര്‍ഡിനന്‍സില്‍ അമര്‍ഷം ആവര്‍ത്തിച്ച് സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th February 2022 12:08 PM  |  

Last Updated: 07th February 2022 12:08 PM  |   A+A-   |  

kanam-orginal

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

 

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് കാനം ചോദിച്ചു. അഭിപ്രായ സമന്വയം ഉണ്ടാക്കിയേ എല്‍ഡിഎഫില്‍ മുന്നോട്ടു പോകാന്‍ സാധിക്കുള്ളു. 

അടിയന്തര സാഹചര്യം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ആ സാഹചര്യം എന്താണെന്ന് സിപിഐയ്ക്ക് ബോധ്യപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാകും അദ്ദേഹം ഒപ്പിട്ടത്. വിഷയത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച നടത്തിയട്ടില്ല.-കാനം പറഞ്ഞു.

ക്യാബിനറ്റില്‍ നടന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷുഭിതനായാണ് കാനം മാധ്യമങ്ങളോട് പ്രതികരിച്ചത്. 'താന്‍ ക്യാബിനറ്റ് അംഗമല്ല, ക്യാബിനറ്റില്‍ എന്തുനടന്നു എന്ന് തന്നോട് ചോദിച്ചാല്‍ അത് അറിയാമെങ്കിലും മാധ്യമങ്ങളോട് പറയില്ല. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത എനിക്കില്ല. പാര്‍ട്ടിയുടെ അഭിപ്രായം പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് അന്തരീക്ഷത്തിലുണ്ട്.'-കാനം പറഞ്ഞു.ഈ വിഷയത്തില്‍ സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ 

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ വഴങ്ങിയില്ല. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഗവര്‍ണറെ കണ്ടത്.

ഗവര്‍ണറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്.കര്‍ത്തായെ നിയമിക്കണമെന്നു നിര്‍ദേശിച്ചു രാജ്ഭവനില്‍നിന്നെത്തിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനൊപ്പം ഈ നിയമനം മുഖ്യമന്ത്രിയും അംഗീകരിക്കാനാണു സാധ്യത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രമക്കേട് നടന്നുവെന്ന കേസില്‍ പരാതിക്കാര്‍ ലോകായുക്തയില്‍ ഇന്നു രേഖകള്‍ സമര്‍പിക്കുകയും ചെയ്യും. 

അഴിമതിക്കേസില്‍ ലോകായുക്ത തീര്‍പ്പു പ്രഖ്യാപിച്ചാല്‍ അതു കൈമാറേണ്ടതു ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്കാണ്. 1999ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികള്‍ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സര്‍ക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.