മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു, രക്ഷാദൗത്യം തുടരുന്നു; ഹെലികോപ്റ്റര്‍ എത്തി

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാബു, മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം
ബാബു, മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. നേവിയുടെ സഹായവും തേടിയിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു. 

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. 

താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.

രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.

ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com