യുവാവ് മലയില്‍ കുടുങ്ങിയിട്ട് 29 മണിക്കൂര്‍ പിന്നിട്ടു; പര്‍വ്വതാരോഹകര്‍ അടങ്ങിയ കരസേന സംഘം ഉടന്‍, പ്രാര്‍ഥനയോടെ നാട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 07:28 PM  |  

Last Updated: 08th February 2022 07:32 PM  |   A+A-   |  

rescue operation in palakkad

ബാബു, മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം

 

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗ്ലൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. 

പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണിത്. അതേസമയം യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 29 മണിക്കൂര്‍ പിന്നിട്ടു. അതിനിടെ പാലക്കാട് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന മാനിച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് ഇറങ്ങാനായില്ല. സ്ഥലത്ത് നിരീക്ഷണം നടത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഹെലികോപ്റ്റര്‍ മടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയുടെ മുകളില്‍ നിന്ന് യുവാവിനെ താഴെയിറക്കാന്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് മലയില്‍ കുടുങ്ങിയ യുവാവ് പുറത്തുകടക്കാന്‍ കഴിയാതെ അവിടെ തുടരാന്‍ തുടങ്ങിയിട്ട് 26 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പാലക്കാട് കലക്ടര്‍ അറിയിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. 

താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.

ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്.