വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 07:30 PM  |  

Last Updated: 08th February 2022 07:30 PM  |   A+A-   |  

Water Authority

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷന്‍, സിവറേജ് കണക്ഷന്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും   ഓണ്‍ലൈന്‍ വഴി നല്‍കാം. ഈ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുള്‍പ്പെടെ കേരള വാട്ടര്‍  അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക്  സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പര്‍ക്കം ഒഴിവാക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയായി.

കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടികള്‍. കോവിഡ് പ്രോട്ടോക്കോള്‍, ഹരിത പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായി പാലിക്കുന്നതിന്റെ കൂടി ഭാഗമായാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി ലഭ്യമാക്കും. പരാതികളും അപേക്ഷകളും ഡിജിറ്റല്‍ ആയി സ്വീകരിക്കും.  എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡാഷ് ബോര്‍ഡ് നല്‍കും. വാട്ടര്‍ ചാര്‍ജ്  വെബ്‌സൈറ്റിലെ ഇപേ ലിങ്ക് വഴിയോ യുപിഐ ആപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയി അടയ്ക്കാം. വാട്ടര്‍ ബില്ലുകള്‍, ഉപഭോക്താക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും.  വാട്ടര്‍ ചാര്‍ജ് അടയ്ക്കാനും മറ്റുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കാനും www.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1916 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കാം. പുതിയ കണക്ഷന്‍ ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇടാപ്പ് എന്ന പേരില്‍ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ രണ്ടു സെക്ഷന്‍ ഓഫിസുകളില്‍ മാത്രം പരീക്ഷണാര്‍ഥം നടപ്പിലാക്കിയ ഓണ്‍ലൈന്‍ കണക്ഷന്‍ സൗകര്യം  എല്ലാ കണക്ഷനുകള്‍ക്കും ലഭ്യമാക്കുകയാണ്.

എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേസപതി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി.