ബാബുവിന് വെള്ളവും ഭക്ഷണവും നൽകി, രക്ഷാപ്രവർത്തകൻ അടുത്തെത്തി സംസാരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 09:26 AM  |  

Last Updated: 09th February 2022 09:26 AM  |   A+A-   |  

kerala_youth_trapped1

ഫയല്‍ ചിത്രം

 

പാലക്കാട്: 45മണിക്കൂറായി മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിന്റെ അടുത്ത് രക്ഷാപ്രവർത്തകൻ എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നൽകാൻ കഴിഞ്ഞു. കരസേനാസംഘത്തിലെ ഒരാൾ ബാബുവിന്റെ അടുത്തെത്തി സംസാരിക്കുകയും ഭക്ഷണം കൈമാറുകയുമായിരുന്നു. 

നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌