ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറിന് പിന്നിലിരിക്കുന്നതാണോ കൊലയാളി?; യുവതിയുടെ കൊലപാതകം, സിസിടിവി ദൃശ്യം പുറത്തുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 04:42 PM  |  

Last Updated: 09th February 2022 04:42 PM  |   A+A-   |  

thiruvananthapuram murder

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് പോകുന്ന സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: കടയ്ക്കുള്ളില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. പ്രതിയെന്നു സംശയിക്കുന്നയാള്‍ ലിഫ്റ്റ് ചോദിച്ചു സ്‌കൂട്ടറിനു പിന്നില്‍ യാത്ര ചെയ്തു പോകുന്ന ചിത്രമാണ് പുറത്തു വിട്ടത്.

മുട്ടട ആലപ്പുറം എന്ന സ്ഥലത്തുനിന്നും ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി കേശവദാസപുരം ഭാഗത്തേക്കാണ് ഇയാള്‍ പോയത്. ഇയാളെക്കുറിച്ചോ ഇയാള്‍ക്ക് ലിഫ്റ്റ് കൊടുത്ത് സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന ആളെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. 

അമ്പലംമുക്ക് കുറവന്‍കോണം റോഡിലെ കടയിലെ ജീവനക്കാരി, നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടില്‍ വിനീത വിജയന്‍ (38) ആണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാര്‍പ്പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാള്‍ കയറിപോകുന്നതും തുടര്‍ന്ന് 20 മിനിട്ടിനുള്ളില്‍ പുറത്തേക്കു പോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാളുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. അതിനുശേഷം ഉച്ചവരെ കടയിലേക്ക് ആരും വന്നിട്ടില്ല.