'ചില ഉദ്യോഗസ്ഥരുടെ നാവിൽ നിന്ന് വരുന്നത് കേട്ടാൽ അറപ്പുളവാകും; പഴയ തികട്ടൽ ഇപ്പോഴും ചിലർക്കുണ്ട്'- പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 11:41 AM  |  

Last Updated: 10th February 2022 11:41 AM  |   A+A-   |  

pinarayi vijayan return to Kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കാലാനുസൃതമായ മാറ്റം പൊലീസ് സേനയിൽ ഉണ്ടാകുന്നില്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ നാവിൽ നിന്ന് വരുന്നത് കേട്ടാൽ അറപ്പുളവാകുമെന്നും വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി തുറന്നടിച്ചു. എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

രാജ്യം സ്വതന്ത്രമായെങ്കിലും വലിയ മാറ്റങ്ങൾ പൊലീസ് സേനയിൽ ഉണ്ടായിട്ടില്ല എന്നത് അനുഭവമാണ്. പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ നിന്ന് വളരെ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉണ്ടാകുന്നത് പൊലീസ് സേനയ്ക്കാണ് കളങ്കമുണ്ടാക്കുന്നത്. സാധാരണഗതിയിൽ കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ ഉതിർക്കാനുള്ളതല്ല പൊലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കോവിഡിലും പ്രളയകാലത്തും ജനങ്ങളുമായി അടുത്ത് നിൽക്കാൻ പൊലീസിന് കഴിഞ്ഞു. എന്നാൽ പിന്നീട്‌ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നത് സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. ഇത് സേനയുടെ പരിശീലനത്തിലടക്കം വരേണ്ട മാറ്റമാണ്.

പരിശീലന സമയത്ത് ലഭിക്കുന്ന സ്വഭാവത്തിൽ നിന്ന് പൊലീസുകാർ പിന്നീട് മാറുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളെ വിരട്ടിയോടിക്കുന്ന പഴയ രീതിയിൽ നിന്ന് പൊലീസിന് പിന്നീട് മാറ്റം വന്നിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.