35 രൂപയുടെ പേരിൽ തർക്കം; മർദനമേറ്റ യുവാവ് മരിച്ചു, കടയുടമയും സഹോദരനും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th February 2022 09:16 AM  |  

Last Updated: 10th February 2022 09:16 AM  |   A+A-   |  

sajan_saju_arrest

അറസ്റ്റിലായ സജനു സാജുവും

 

കൊച്ചി; മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കടയുടമയും സഹോദരനും അറസ്റ്റിൽ. എറണാകുളത്ത് വടക്കൻ പറവൂരിലാണ് സംഭവമുണ്ടായത്. വാണിയക്കാട് കണ്ടന്തറ സുതന്റെ മകൻ കെ എസ് മനോജിന്റെ (മനു –41) മരണത്തിലാണ് വാണിയക്കാട് പനച്ചിക്കൽ സാജു (48), സഹോദരൻ സജൻ (52) എന്നിവർ അറസ്റ്റിലായത്. കടയിൽ നൽകാനുള്ള പണത്തെസംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. 

സി​ഗരറ്റ് വാങ്ങിയ പണത്തിന്റേ പേരിൽ തർക്കം

വാണിയക്കാട് വെയർഹൗസിങ് ഗോഡൗണിനുസമീപമാണ് സജൻ കട നടത്തുന്നത്. വൈകിട്ട് അഞ്ചിന് സി​ഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന്‌ മനോജ് 35 രൂപ നൽകാനുണ്ടെന്ന് സജൻ പറഞ്ഞു. അതിനിടെയാണ്  സഹോദരൻ സാജു കടയിലെത്തിയത്. തർക്കത്തിനൊടുവിൽ മനോജിനെ കടയിൽനിന്ന്‌ വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന് ശേഷം ആശുപത്രിയിൽ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയിൽ ചികിത്സ തേടി

ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വർധിച്ചതോടെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ്‌ മനോജ് വീട്ടുകാരോട് മർദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. സംഭവം നടന്ന സ്ഥലത്ത്‌ വിരലടയാളവിദഗ്ധർ എത്തി പരിശോധന നടത്തി. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാകാം മരണകാരണം എന്നാണ്‌ പ്രാഥമികനിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുക. അറസ്റ്റിലായ സജനേയും സാജുവിനേയും റിമാൻഡ് ചെയ്തു.