യുപിയില്‍ ഒരു മന്ത്രിപോലും അമേരിക്കയില്‍ ചികിത്സക്കുപോയിട്ടില്ല; പിണറായിക്ക് കെ സുരേന്ദ്രന്റെ മറുപടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല
കെ സുരേന്ദ്രൻ, യോ​ഗി ആദിത്യനാഥ്/ ഫയൽ ചിത്രം
കെ സുരേന്ദ്രൻ, യോ​ഗി ആദിത്യനാഥ്/ ഫയൽ ചിത്രം

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന മുഖ്യമന്ത്രി പിണറായിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുപിയില്‍ ടിപിആര്‍  ഒരിക്കല്‍പോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയില്‍ ചികിത്സക്കുപോയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി മറുപടി നല്‍കിയിരുന്നു. മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല'  എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടി. പി. ആര്‍ ഒരിക്കല്‍പോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയില്‍ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com