'തിരുത്തിയ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നില്ല'; സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നാല്‍ തിരുത്താനുള്ള ബാധ്യതയുണ്ട്: സിപിഐ

ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം


കോട്ടയം: ഇടത് മുന്നണിയെ തിരുത്തുന്നത് തുടരുമെന്ന് സിപിഐ. എല്‍ഡിഎഫില്‍ രാഷ്ട്രീയ വ്യതിയാനമുണ്ടായാല്‍ തിരുത്തും. ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കുറിപ്പിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് രാഷ്ട്രീയ സമീപനത്തില്‍ നിന്ന് മാറിപ്പോയപ്പോള്‍ മുന്‍കാലങ്ങളിലും സപിഐ തിരുത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നില്ല എന്നും കുറിപ്പിലുണ്ട്. 

സില്‍വര്‍ ലൈന്‍ പദ്ധതിയെ പാര്‍ട്ടി പിന്തുണയ്ക്കുന്നു. പദ്ധതിക്ക് എതിരായ പ്രക്ഷോഭം പ്രതിപക്ഷ സൃഷ്ടിയാണ്. അതുകൊണ്ടാണ് ബിജെപിയും യുഡിഎഫും ഒരുമിച്ചു ചേര്‍ന്ന് സമരം ചെയ്യുന്നത്. 

ചൈന സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും, ചൈനയുടെ പല നിലപാടുകളും വിമര്‍ശിക്കപ്പെടേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സാര്‍വശേീയ വിഷയങ്ങളെ കുറിച്ചുള്ള ഭാഗത്ത് സിപിഐ പറയുന്നു. അതിര്‍ത്തി വിഷയങ്ങളില്‍ അടക്കം ഇന്ത്യയോടുള്ള നിലപാടുകളില്‍ ചൈന ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടത് സര്‍ക്കാരിനെ ശക്തിപ്പെടുത്തുക എന്നത് സിപിഐയുടെ ചുമലതലയാണ്. എന്നാല്‍ അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജനങ്ങളില്‍ നിന്ന് അകലുന്ന സമീപനമുണ്ടായാല്‍ വിമര്‍ശനം ഉന്നയിക്കാനും ജനങ്ങളുടെ ഭാഗത്തേക്കു കൊണ്ടുവരാനുള്ള ബാധ്യതയും സിപിഐയ്ക്കുണ്ട് എന്ന് വൈക്കത്ത് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com