പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണം; സഹോദരനെ മുറിയിൽ പൂട്ടിയിട്ടു; ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 06:20 PM  |  

Last Updated: 11th February 2022 06:20 PM  |   A+A-   |  

Latest Kerala State News

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അനുജനെ ബന്ധിയാക്കി ദേഹത്ത് പെട്രോൾ ഒഴിച്ചാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനുജന്റെ ദേഹത്തും യുവാവ് പെട്രോൾ ഒഴിച്ചിരുന്നു. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിലാണ് സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഷാജഹാൻ എന്നാണ് ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയേയും സഹോദരിയേയും വീടിന്‌ പുറത്താക്കി വാതിൽ പൂട്ടിയ ശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ ഇട്ടു പൂട്ടുകയായിരുന്നു.

തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഒരു കൈയിൽ പെട്രോൾ നിറച്ച കന്നാസും മറ്റേ കൈയിൽ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽവാസികളും ബന്ധുക്കളം ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല.

സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പൊലിസും  ഫയർഫോഴ്സും സ്ഥലത്തെത്തി. സ്റ്റേഷൻ എസ്എച്ച്ഒ സൈജു നാഥിനോട് ഷാജഹാൻ ഒറ്റക്ക് സംസാരിക്കാം എന്ന് സമ്മതിച്ചു. 

സൈജു നാഥ് നയത്തിൽ ഷാജഹാനെ വീടിന്റെ പുറക് വശത്തുള്ള ജനലിനരുകിൽ വരുത്തി സംസാരിച്ച് നിൽക്കുന്നതിനിടയാൻ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന ഫയർഫോഴ്സ് സംഘം ഫയർ എൻജിനിൽ നിന്നു വെള്ളം ഷാജഹാന്റെ ദേഹത്ത് വീഴ്ത്തി. പെട്രോളും തീപ്പട്ടിയും നനഞ്ഞു കുതിർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഷാജഹാനെ കീഴ്‌പ്പെടുത്തി സഹീറിനെ മോചിപ്പിച്ചു.