വേണാട് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ റദ്ദാക്കി; ജനശതാബ്ദിയും കേരളയും വൈകും, താറുമാറായി ഗതാഗതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 04:22 PM  |  

Last Updated: 11th February 2022 04:22 PM  |   A+A-   |  

TRAIN DERAILED

പാളം തെറ്റിയ തീവണ്ടിയുടെ എന്‍ജിന്‍, ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍:  ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം- തൃശൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വേണാട് എക്‌സ്പ്രസും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. നിലമ്പൂര്‍- കോട്ടയം, എറണാകുളം- ഗുരുവായൂര്‍, എറണാകുളം- പാലക്കാട് എന്നിവയാണ് റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍. 

അതേസമയം അപകടത്തിന് മുന്‍പ് ഓടി തുടങ്ങിയ തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഏറനാട്, ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ മാന്നാനൂറില്‍ നിര്‍ത്തിയിട്ടു. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ നിര്‍ത്തിയിടും. 

ഉച്ചയ്ക്ക് രണ്ടു മണിയോടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് വാഗണുകളുമാണ് പാളം തെറ്റിയത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.