മലപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി; വാഹനങ്ങളും ഉപകരണങ്ങളും കണ്ടെത്തി, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 03:17 PM  |  

Last Updated: 12th February 2022 03:17 PM  |   A+A-   |  

malappuram

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ലഹരി വസ്തുക്കള്‍ അയല്‍ ജില്ലകളിലേക്കുള്‍പ്പെടെ എത്തിച്ച് നല്‍കുന്നുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നിരോധിത പുകയില ഉത്പ്പങ്ങള്‍ വ്യാപകമായി വില്‍പ്പന നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മാസം മുമ്പ് വേങ്ങരയില്‍ നിന്ന് ഇത്തരത്തില്‍ ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തിരുന്നു. തുടര്‍ന്ന് പൊലീസ് ഫാക്ടറി സീല്‍ ചെയ്യുകയായിരുന്നു. ഇതിന് ശേഷവും ജില്ലയില്‍ ലഹരി മരുന്നുകള്‍ വ്യാപകമായി വിപണിയിലെത്തുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ തന്നെ എടച്ചിലം കുന്നുംപുറത്ത് ഇത്തരത്തില്‍ ഒരു ഫാക്ടറി കണ്ടെത്തുന്നത്. പുകയില ഉത്പന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാര്‍ ഇത് കാണുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു. 

പൊലീസ് എത്തുമ്പോഴേക്കും ഫാക്ടറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. പട്ടാമ്പി കുന്നത്തു തൊടിയില്‍ മുഹമ്മദ് ആണ് കെട്ടിടം വാടകക്കെടുത്ത് ഫാക്ടറി നടത്തിയതെന്നാണ് വിവരം. ഫാക്ടറിയില്‍ നിന്ന് ലഹരി വസ്തുക്കളുും ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 

ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഫാക്ടറികള്‍ക്ക് പിന്നില്‍ വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം. രക്ഷപ്പെട്ടവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.