പാളംതെറ്റല്‍: കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടല്‍ തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2022 03:42 PM  |  

Last Updated: 12th February 2022 03:42 PM  |   A+A-   |  

train cancelled

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പുതുക്കാടിനടുത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു ഏതാനും വണ്ടികള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307), കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) എന്നിവ പൂര്‍ണമായും റദ്ദാക്കി.

വൈകിട്ട് 6.40ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍- മംഗലാപുരം സെന്‍ട്രല്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ വൈകിയാവും യാത്ര തുടങ്ങുക. 4.05ന് ആലപ്പുഴയില്‍നിന്നു പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആറു മണിക്കാവും പുറപ്പെടുക. 6.05ന് പുറപ്പെടേണ്ട കൊച്ചുവേളി-ബസനവാടി ഹംസഫര്‍ എക്‌സ്പ്രസ് 7.05ന് യാത്ര തിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടന്നുപോയത്.

ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും നാലു വാഗണുകളുമാണ് ഇന്നലെ ഉച്ചയ്ക്കു പാളം തെറ്റിയത്. തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിടുകയും ചിലവ റദ്ദാക്കുകയും ചെയ്തു.

ഇന്നത്തെ പാലക്കാട് എറണാകുളം മെമു, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ഷൊര്‍ണൂര്‍എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ എറണാകുളം എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയതായി റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.