ഗവര്‍ണറുടേത് ആര്‍എസ്എസ് ശൈലി; പറഞ്ഞത് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 06:03 PM  |  

Last Updated: 12th February 2022 06:03 PM  |   A+A-   |  

k_muralidharan

കെ മുരളീധരന്‍


കോഴിക്കോട്: ഹിജാബ് നിരോധന പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. ഒരു ഗവര്‍ണര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ അദ്ദേഹം പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ ശൈലി ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഗവര്‍ണറുടേത് മതേതരത്വ ശൈലിയല്ല. ഈ ശൈലി തുടര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് എതിരെ പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് നിര്‍ബന്ധിതരാകും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയാണ് നടത്തിയത്. ഗവര്‍ണര്‍ ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ല.  ആചാരങ്ങള്‍ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനത്തിന്റേത് എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 


'ഹിജാബ് വിവാദം ഗൂഢാലോചന'; ഗവര്‍ണര്‍

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാകാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ തലപ്പാവുമായി ഹിജാബ് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് നേരത്തെയും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നായിരുന്നു ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.