കാടുപിടിച്ച സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി, പ്രദേശത്തെ രണ്ട് യുവാക്കളെ കാണാതായിട്ട് അഞ്ച് മാസത്തിലേറെ; അന്വേഷണം

By സമകാലിക മലയാളം ഡെസ്ക്  |   Published: 13th February 2022 09:26 AM  |  

Last Updated: 13th February 2022 09:26 AM  |   A+A-   |  

human_skull

പ്രതീകാത്മക ചിത്രം

 

പാലക്കാട്; ചപ്പക്കാട് കാട്ടിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കഴിഞ്ഞ ദിവസം ചപ്പക്കാട് മൊണ്ടിപതിക്കു മേലെ ആലാംപാറയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു നിന്നാണ് തലയോട്ടി കണ്ടെത്തിയത്. മുളവെട്ടാൻ പോയ അയ്യപ്പനാണ് തലയോട്ടി കിടക്കുന്നതായി നാട്ടുകാരെ അറിയിച്ചത്. പ്രദേശത്തുനിന്ന് മാസങ്ങൾക്ക് മുൻപ് രണ്ട് യുവാക്കളെ കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച്, കൊല്ലങ്കോട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. 

മഴക്കാലത്തു നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്താണ് തലയോട്ടി കിടക്കുന്നത്. രാത്രി വൈകിയതിനാൽ പരിശോധന നടത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യവും രാത്രികാല പരിശോധനയ്ക്കു ഭീഷണിയാണ്. എന്നാൽ ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 

യുവാക്കളെ കാണാതായിട്ട് 166 ദിവസം

ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫൻ എന്ന സാമുവൽ, മുരുകേശൻ എന്നിവരെയാണ് അഞ്ചു മാസം മുൻപ് കാണാതായത്. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാൽ മനുഷ്യന്റെ തലയോട്ടി കണ്ടതായുള്ള വിവരം അറിഞ്ഞയുടനെ ക്രൈംബ്രാഞ്ച് സംഘവം സ്ഥലത്തെത്തി. യുവാക്കളെ കാണാതായി 166 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ പൊലീസും ക്രൈംബ്രാഞ്ചും ഏറെ ഗൗരവത്തോടെയാണു തലയോട്ടി കണ്ടെത്തിയ സംഭവത്തെ കാണുന്നത്.  ഇന്നു രാവിലെ പൊലീസ് ഉന്നതോദ്യോഗസ്ഥരും ശാസ്ത്രീയ വിദഗ്ധരും അടക്കമുള്ള സംഘം തലയോട്ടി കണ്ട സ്ഥലത്തെത്തും. കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ ഇതു സംബന്ധിച്ചു പ്രതികരിക്കാനാകൂ എന്ന നിലപാടിലാണു പൊലീസ്.