ഇരട്ടക്കുഞ്ഞുങ്ങളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി; പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 13th February 2022 08:05 AM |
Last Updated: 13th February 2022 08:09 AM | A+A A- |

മരിച്ച കൃഷ്ണപ്രിയ
കൊച്ചി; തന്റെ കൺമണികളെ കാണാൻ നിൽക്കാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മൂവാറ്റുപുഴ സ്വദേശി കൃഷ്ണപ്രിയയാണ് (24) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനു പിന്നാലെ കൃഷ്ണപ്രിയ അബോധാവസ്ഥയിലാവുകയായിരുന്നു. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം.
രണ്ടാഴ്ച അബോധാവസ്ഥയിൽ
ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടർന്നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അബോധാവസ്ഥയിലായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണം.
സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ മരണം
കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്. ഇതിന്‍റെ പിരിവ് നടക്കവെയാണ് മരണം സംഭവിച്ചത്.