ബാബുവിന് വീടുവെച്ചു നൽകും; ജന്മദിന സമ്മാനവുമായി വി കെ ശ്രീകണ്ഠൻ എം പി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 02:36 PM  |  

Last Updated: 13th February 2022 02:36 PM  |   A+A-   |  

babu_new_house

വി കെ ശ്രീകണ്ഠൻ എം പി, ബാബു/ ഫയൽ ചിത്രം

 

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന് വീടുവെച്ചു നൽകുമെന്ന് വി കെ ശ്രീകണ്ഠൻ എം പി. ബാബുവിന് വീട് വയ്ക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബാബുവിന് ജന്മദിനാശംസകൾ നേരാൻ എത്തിയപ്പോഴാണ് എം പി ഇക്കാര്യമറിയിച്ചത്.

‘ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിൻറെ മുഴുവൻ പ്രാർത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു അതിൽ ഏറെ സന്തോഷം.ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളിൽ എത്തിക്കട്ടെ മറ്റുള്ളവർക്ക് ആത്മധൈര്യം പകർന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാൻ തന്നെ മുൻകൈ എടുക്കും’ വി കെ ശ്രീകണ്ഠൻ പറഞ്ഞു.

പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ഒടുവിൽ സൈന്യമാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി മുക്കാല്‍ കോടിയോളം ചെലവ് വന്നെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്. വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂര്‍ ചെലവ്. കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ. എന്‍ഡിആര്‍എഫ്, ലോക്കല്‍ ഗതാഗത സൗകര്യങ്ങള്‍, മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഇനിയും ബില്ലുകൾ കിട്ടാനുണ്ട്.