കമ്പ വലയിൽ കുടുങ്ങിയത് ഒന്നര ടൺ ഭാരമുള്ള തിമിം​ഗല സ്രാവ്; കടലിൽ വിടാനുള്ള ശ്രമത്തിനിടെ ചത്തു (ചിത്രങ്ങൾ)

കമ്പ വലയിൽ കുടുങ്ങിയത് ഒന്നര ടൺ ഭാരമുള്ള തിമിം​ഗല സ്രാവ്; കടലിൽ വിടാനുള്ള ശ്രമത്തിനിടെ ചത്തു (ചിത്രങ്ങൾ)
മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ തിമിം​ഗല സ്രാവ്/ ഫോട്ടോ: ബിപി ദീപു
മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ തിമിം​ഗല സ്രാവ്/ ഫോട്ടോ: ബിപി ദീപു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ ഒന്നര ടണ്ണോളം ഭാരമുള്ള തിമിംഗല സ്രാവ് (ഉടുമ്പൻ സ്രാവ്) തിരികെ കടലിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ ചത്തു. കരയ്ക്കടിഞ്ഞ സമയത്ത് ചെകിളയിൽ വൻ തോതിൽ മണൽ അടിഞ്ഞതിനെ തുടർന്നാണ് സ്രാവ് ചത്തത്.  

തുമ്പയിൽ നിന്നു പരമ്പരാഗത വള്ളത്തിൽ മീൻ പിടിക്കാൻ പോയ ബീമാപള്ളി സ്വദേശി ഷാഹുലിന്റെ കമ്പ വലയിലാണു സ്രാവ് പെട്ടത്. വലിയ വേളാപാര മത്സ്യം ആയിരിക്കുമെന്നു കരുതി തീരക്കടലിൽ എത്തിച്ചപ്പോഴാണു തിമിംഗല സ്രാവ് ആണെന്ന് അറിയുന്നത്. 

ഉച്ചയോടെ കരയിലെത്തിച്ചു. വല അറുത്തു മാറ്റി  ജീവൻ ഉണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു തിരികെ കടലിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന സ്രാവ് ഇനമാണിത്. വലിപ്പം കൊണ്ടാണു തിമിംഗലത്തിന്റെ പേരു ചേർത്തു വിളിക്കുന്നത്. 

പോസ്റ്റ്‌മോർട്ടത്തിനു ശേഷം സ്രാവിനെ കരയിൽ കുഴിച്ചുമൂടുമെന്നു കഠിനംകുളം പഞ്ചായത്ത് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com