തുമ്പ കടപ്പുറത്ത് വീണ്ടും തിമിം​ഗല സ്രാവ് വലയിൽ കുടുങ്ങി; കടലിലേക്ക് തിരിച്ചയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2022 06:02 PM  |  

Last Updated: 14th February 2022 06:02 PM  |   A+A-   |  

shark

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ വീണ്ടും തിമിം​ഗല സ്രാവ് കുടുങ്ങി. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാന രീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. ഇതിനെ കടലിലേക്ക് തിരച്ചുവിടാനുള്ള ശ്രമത്തിൽ ചത്തിരുന്നു. 

കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം അറിഞ്ഞതിനാൽ വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗ സംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.