തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2022 07:04 PM  |  

Last Updated: 14th February 2022 07:04 PM  |   A+A-   |  

health minister veena george

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍ ചിത്രം


തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

തൃശൂര്‍, കോഴിക്കോട് മാനസ്സികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് തടവുകാര്‍ മരിച്ചിരുന്നു. പിന്നാലെ അന്തേവാസികള്‍ ചാടിപ്പോകുന്ന സംഭവമുണ്ടായി. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി യോഗം ചേര്‍ന്നത്.