32,000ന് ക്രിപ്‌റ്റോ ഇടപാട്, രണ്ടു ദിവസം കൊണ്ട് 1.4 ലക്ഷം; കൊമേഴ്‌സില്‍ പിജി ബിരുദം; ക്രൂരതയുടെ രാജന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th February 2022 02:24 PM |
Last Updated: 14th February 2022 02:24 PM | A+A A- |

തിരുവനന്തപുരം: മോഷണവും പിടിച്ചുപറിയും നടത്തുകയും എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയും ചെയ്യുന്ന സൈക്കോപാത്ത് ആണ്, അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെന്നു പൊലീസ്. തമിഴ്‌നാട്ടില്‍ നാലു കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള രാജേന്ദ്രന്‍ കേരളത്തില്‍ കൂടുതല്‍ പേരെ ഇരയാക്കിയിട്ടുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്. നാല്‍പ്പത്തിയൊന്‍പതുകാരനായ ഇയാള്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍ വിദഗ്ധനാണെന്നും പൊലീസ് പറയുന്നു.
ചോദ്യം ചെയ്യലില്‍ രാജേന്ദ്രനില്‍നിന്നു വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനെക്കുറിച്ചെല്ലാം രാജേന്ദ്രന് കൃത്യമായ ധാരണയുണ്ട്. ഏതെല്ലാം ചോദ്യങ്ങള്‍ എങ്ങനെയെല്ലാം വരും എന്നൊക്കെ ഇയാള്‍ ഊഹിച്ചെടുക്കും. ഒന്നുകില്‍ അതിനെ പ്രതിരോധിക്കും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. ഇതാണ് രാജേന്ദ്രന്റെ രീതി. സീനിയര്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ മാത്രമേ രാജേന്ദ്രനില്‍നിന്നു പ്രതികരണം പോലും ഉണ്ടാവൂ.
അമ്പലമുക്ക് കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ രാജേന്ദ്രന്‍ ആദ്യമെല്ലാം ചോദ്യം ചെയ്യലുമായി തീര്‍ത്തും നിസ്സഹകരിക്കുകയായിരുന്നു. ഒരു ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. പൊലീസ് കയ്യിലുള്ള സകല മുറയും പുറത്തെടുത്തിട്ടും രാജേന്ദ്രനില്‍നിന്ന് ഒന്നും കിട്ടില്ലെന്നതായിരുന്നു സ്ഥിതി. പിന്നീട് കൊലപ്പെടുത്തിയ വിനീതയുടെ സാഹചര്യമെല്ലാം വിവരിച്ച് ഇമോഷനല്‍ കാര്‍ഡ് ഇറക്കിയതോടെയാണ് ഇയാളില്‍നിന്നു പ്രതികരണമെങ്കിലും വന്നത്. വിധവയായ വിനീത എണ്ണായിരം രൂപ മാസ ശമ്പളത്തിനാണ് ചെടിക്കടയില്‍ ജോലി ചെയ്തിരുന്നത്. കുട്ടികളെ എങ്ങനെയെങ്കിലും പട്ടിണിയില്ലാതെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇതെല്ലാം പറഞ്ഞപ്പോള്‍, തപ്പു ശെയ്തിട്ടേന്‍ സര്‍ എന്ന പ്രതികരണം രാജേന്ദ്രനില്‍നിന്നുണ്ടായെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് രാജേന്ദ്രന്‍ സംസാരിക്കാന്‍ തുടങ്ങിയത്.
എപ്പോഴും മൂര്‍ച്ചയേറിയ കത്തിയുമായാണ് രാജേന്ദ്രന്റെ സഞ്ചാരം. പൊതുവേ ആരോടും സംസാരിക്കാത്ത പ്രകൃതം. കൊള്ളയും പിടിച്ചുപറയുമാണ് ലക്ഷ്യം. ഇതിനു തടസ്സം നിന്നാല്‍ ഇയാളുടെ മട്ടുമാറും. ഒരു ദയയുമില്ലാതെ ഇരയെ കൊന്നുതള്ളും. കത്തി തൊണ്ടയില്‍ കുത്തിയിറക്കുകയാണ് രീതി. ഇതോടെ കരഞ്ഞാലും ഒച്ച പുറത്തേക്കു വരില്ല. രക്തം വാര്‍ന്നു മരിക്കുകയും ചെയ്യും
ക്രിപ്‌റ്റോകറന്‍സി ഇടപാടിലൂടെ രാജേന്ദ്രന്‍ പണമുണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു പങ്ക് തോവാളയിലുള്ള സഹോദരഭാര്യയ്ക്ക് അയച്ചുകൊടുക്കും. വിനീതയുടെ സ്വര്‍ണം മോഷ്ടച്ചതിലൂടെ കിട്ടിയതില്‍ 32,000 രൂപ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചു. ഇതില്‍നിന്ന് രണ്ടു ദിവസം കൊണ്ട് 1.4 ലക്ഷം നേട്ടമുണ്ടാക്കി. കേസുകള്‍ നടത്തുന്നതിനുള്ള ചെലവിനാണ് ഈ പണം എന്നാണ് രാജേന്ദ്രന്‍ പൊലീസിനോടു പറഞ്ഞത്.
രാജേന്ദ്രന് കൊമേഴ്‌സില്‍ പിജി ബിരുദമുണ്ടെന്നാണ് വിവരം. സിസിടിവിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഇയാള്‍ക്കു നല്ല ധാരണയാണെന്നും പൊലീസ് പറയുന്നു.