ചെരുപ്പിനോട് ഭ്രമം, മുറിയിൽ നിന്ന് കണ്ടെത്തിയത് 400 ജോഡി ചെരുപ്പ്, അശ്ലീല ഫോൺ വിളിയും പതിവ്; തട്ടിപ്പുകാരനെ കുടുക്കി പൊലീസ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 15th February 2022 08:01 PM  |  

Last Updated: 15th February 2022 08:01 PM  |   A+A-   |  

FRAUD_ARRESTED

പിടിയിലായ ബെന്നി

 

കോട്ടയം; തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വയനാട് സ്വദേശി മുക്കത്ത് ബെന്നി കഴിഞ്ഞദിവസം പിടിയിലായിരുന്നു. പാലായിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി ഇയാൾ ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിയെടുത്ത പൈസയിൽ ഒരു ഭാ​ഗം ഇയാൾ ചെലവഴിച്ചത് ചെരുപ്പുകൾ വാങ്ങിക്കൂട്ടാനാണ്. ഇയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്ന് 400 ജോഡി ചെരുപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. 

നടത്തിയത് 15 ലക്ഷത്തിൻെറ തട്ടിപ്പ്
 
ഏതാനും മാസങ്ങളായി പാലായിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ തട്ടിപ്പു നടത്തുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ചെറിയ തുക മുന്‍കൂറായി കൈക്കലാക്കുന്നതായിരുന്നു രീതി. ഫര്‍ണിച്ചറുകള്‍ നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു. 1500, 2000 രൂപയാണ് ഓരോ വീടുകളില്‍നിന്നും മുന്‍കൂറായി വാങ്ങിയിരുന്നത്. സാധനങ്ങളൊന്നും ലഭിക്കാതാവുമ്പോഴാണ് തട്ടിപ്പാണെന്ന് വീട്ടുകാർ മനസിലാക്കുന്നത്. 

പൊലീസിന്റെ തന്ത്രത്തിൽ വീണു

തട്ടിച്ചു കിട്ടുന്ന പൈസ ചെരിപ്പുകള്‍ വാങ്ങാനും ആഡംബര ഹോട്ടലുകളിലെ താമസത്തിനുമാണ് പ്രതി വിനിയോഗിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനായി വീടുകളിലെത്തുന്ന പ്രതി വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളും കൈക്കലാക്കിയിരുന്നു. പിന്നീട് ഈ നമ്പറുകളിലേക്ക് വിളിച്ച് ശല്യംചെയ്യുന്നതും പതിവായി. തുടർന്നാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്. 

തുടർന്ന് ബെന്നിയെ ഫോണിൽ വിളിച്ച് വനിതാ പോലീസ് സൗഹൃദം സ്ഥാപിച്ചു. നേരില്‍കാണണമെന്ന് ആവശ്യപ്പെട്ട് പാലായിലേക്ക് ഇയാളെ വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സമാന കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. ഇയാള്‍ക്കെതിരേ മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയെ ഫോണില്‍വിളിച്ച് അശ്ലീലം പറഞ്ഞതിനും കേസുകളുണ്ട്.