തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 11:35 AM  |  

Last Updated: 15th February 2022 11:35 AM  |   A+A-   |  

Actress against Dileep's plea to cancel further probe

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും, ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നടി കോടതിയെ അറിയിച്ചു.  

കേസില്‍ കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.എന്നാല്‍ കേസ് അന്വേഷണത്തില്‍ ഉണ്ടായ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.