ക്വാഷൻ ഡെപ്പോസിറ്റ് തിരിച്ചു കിട്ടാൻ 10000 രൂപ കൈക്കൂലി; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 15th February 2022 08:30 PM  |  

Last Updated: 15th February 2022 08:30 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്   എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഇ.ടി. സുനിൽകുമാറാണ് പിടിയിലായത്. ക്വാഷൻ ഡെപ്പോസിറ്റി തിരിച്ചുകൊടുക്കാനായി ഇയാൾ പതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. 

അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനായ വി. രാജീവിൽ നിന്നാണ് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിനാണ്  കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്‍റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കി ഗ്യാരന്‍റി പിരീഡ് 2021 ഒക്ടോബറിൽ കഴിഞ്ഞിതിനു പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ നൽകി. 

നിരവധി തവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും അസി. എൻജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാജീവ് വിവരം കോഴിക്കോട് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഓഫിസിൽ വെച്ച് സുനിൽകുമാറിന് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.