കുത്താനെത്തിയ പോത്തിനെ പിടിച്ചുമാറ്റി രണ്ടു വയസുകാരിയെ രക്ഷിച്ചു; ഷാനവാസിനടക്കം അഞ്ച് കുട്ടികള്‍ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

കനാൽവെള്ളത്തിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ്  ഏഞ്ചൽ മരിയ ജോൺ അവാർഡിന് അർഹയായത്
അവാർഡിന് അർഹരായ ശീതൾ ശശി, എൻ ശിവകൃഷ്ണൻ, ഋതുജിത്, ഷാനിസ് അബ്ദുള്ള, ഏയ്ഞ്ചൽ മരിയ
അവാർഡിന് അർഹരായ ശീതൾ ശശി, എൻ ശിവകൃഷ്ണൻ, ഋതുജിത്, ഷാനിസ് അബ്ദുള്ള, ഏയ്ഞ്ചൽ മരിയ

വിരണ്ടോടിയ പോത്തിനു മുന്നിൽ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ എട്ടാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ച് കുട്ടികൾക്ക് ധീരതയ്ക്കുള്ള ദേശിയ പുരസ്കാരം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന അവാർഡിനായാണ് കേരളത്തിൽ നിന്ന് അഞ്ചു കുട്ടികളെ തെരഞ്ഞെടുത്തത്. നാലാം ക്ലാസുകാരി ഏയ്ഞ്ചൽ മരിയ, എട്ടാം ക്ലാസുകാരൻ ഷാനിസ് അബ്ദുള്ള, കെ എൻ ശിവകൃഷ്ണൻ, ശീതൾ ശശി കെ, ഋതുജിത് എൻ എന്നിവർക്കാണ് അവാർഡ്. 

കോഴിക്കോട് കടമേരി യുപി സ്കൂളിൽ 7 -ാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഷാനിസ് പോത്തിന്റെ ആക്രമണത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നത്. വഴിനീളെയുള്ള ആക്രമണത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാർന്ന് എത്തിയ പോത്ത് രണ്ടര വയസ്സുകാരിയായ ഹനൂനയെ ആക്രമിക്കുകയായിരുന്നു. അതുകണ്ട് ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു. അഭിമന്യു അവാർഡാണ് ഷാനിസിന് ലഭിച്ചത്. 

കനാൽവെള്ളത്തിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് രാമവർമപുരം മണ്ണത്ത്‌ ജോയ് എബ്രഹാമിന്റെയും ലിഥിയയുടെയും മകളായ ഏഞ്ചൽ മരിയ ജോൺ അവാർഡിന് അർഹയായത്. കനാലിൽ എടുത്തുചാടിയ ഏഞ്ചൽ, കുഞ്ഞിനെ തോളിലിട്ട് കരയിൽ എത്തിക്കുകയായിരുന്നു. തൃശ്ശൂർ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാർഥിനിയാണ് ഏഞ്ചൽ.

പുഴയിൽ മുങ്ങിത്താഴ്ന്ന ഒരു കുട്ടിയുടെ മുടിയിൽ പിടിച്ചു കരയിലെത്തിച്ചതിനാണ് തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ ശിവകൃഷ്ണൻ പുരസ്‌കാരത്തിന്‌ അർഹനായത്. വയനാട് മാനന്തവാടിയിൽ തലപ്പുഴ കുരണാലയത്തിൽ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണൻ.

കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ ജീവൻ രക്ഷിച്ചതിനാണ് ശീതൾ ശശി അവാർഡിന് അർഹയായത്. കുളത്തിൻകരയിലുണ്ടായിരുന്ന, കുട്ടികൾ നീന്താനുപയോഗിച്ചിരുന്ന ഫ്ളോട്ടിങ്‌ കന്നാസുകൾ കൊണ്ടുവന്ന് മൂവരെയും രക്ഷിക്കുകയായിരുന്നു. കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിനിയാണ്. 

മെഡലിനു പുറമേ സ്പെഷ്യൽ അവാർഡിന് എഴുപത്തിയയ്യായിരം രൂപയും ജനറൽ അവാർഡിന് നാല്പതിനായിരം രൂപയുമാണ് നൽകുന്നത്. കൂടാതെ അർഹത നേടിയ കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com