രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിലെ എതിര്‍പ്പ്; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് പരസ്യ ശാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 04:42 PM  |  

Last Updated: 15th February 2022 04:42 PM  |   A+A-   |  

k_k_sivaraman

കെ കെ ശിവരാമന്‍/ഫെയ്‌സ്ബുക്ക്


തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പാര്‍ട്ടി ശാസന. രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണത്തിലാണ് നടപടി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് ശിവരാമന് എതിരെ നടപടി എടുത്തത്. 

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ റവന്യു വകുപ്പ് നടപടിക്ക് എതിരെയായിരുന്നു ശിവരാമന്‍ രംഗത്തുവന്നത്. ഈ പ്രതികരണം തെറ്റാണെന്ന് കഴിഞ്ഞ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടിക്ക് എതിരെ കെ ഇ ഇസ്മായിലും കെ കെ ശിവരാമനുമാണ് പ്രതികരിച്ചത്. ഈ പ്രതികരണങ്ങള്‍ വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയെന്നാണ് വിമര്‍ശനം. 

ശാസന രണ്ടാംവട്ടം

നേരത്തെയും കെ കെ ശിവരാമനെ സിപിഐ പരസ്യമായി ശാസിച്ചിരുന്നു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന് എതിരായ പ്രതികരണത്തിലായിരുന്നു ശാസന. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.ഇതില്‍ പാര്‍ട്ടി തേടിയ വിശദീകരണത്തിന് ശിവരാമന്‍ മറുപടി നല്‍കിയെങ്കിലും സിപിഐ എക്‌സിക്യൂട്ടീവും കൗണ്‍സിലും മറുപടി അംഗീകരിച്ചില്ല