അന്വേഷണവുമായി റോയി വയലാറ്റ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍; കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 05:10 PM  |  

Last Updated: 16th February 2022 05:20 PM  |   A+A-   |  

ROY_AND_ANJALI

റോയി വയലാറ്റ്, അഞ്ജലി/ ഫയൽ ചിത്രം

 

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്‌സോ കേസില്‍ തിങ്കളാഴ്ച വരെ റോയി വയലാറ്റിനെ അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 

പരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. അതേസമയം തങ്ങള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് റോയ് വയലാറ്റ് അടക്കമുള്ള പ്രതികളും അറിയിച്ചു. 

ഇതേത്തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.  അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം റോയി വയലാറ്റ് നിഷേധിച്ചു. കഴിഞ്ഞ മൂന്നുമാസമായി  അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടുന്നുണ്ട്. 

മാത്രമല്ല, മോഡലുകളുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്നും റോയി വയലാറ്റ് കോടതിയില്‍ ആരോപിച്ചു. 

ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമദേവും പ്രതികളാണ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയിക്കും മറ്റുമെതിരെ പോക്‌സോ കേസെടുത്തത്. 

2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.