സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു, യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍: പി ശ്രീരാമകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 12:25 PM  |  

Last Updated: 16th February 2022 12:25 PM  |   A+A-   |  

p_sreeramakrishnan1

പി ശ്രീരാമകൃഷ്ണൻ/ ഫയൽ

 

തിരുവനന്തപുരം: റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം. അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രൈനിലുള്ള മലയാളികള്‍. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള പൗരന്മാര്‍ രാജ്യത്തേക്ക് മടങ്ങണെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ രംഗത്തു മാത്രം 2500 ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ പഠനം നടത്തുന്നത്. ഇപ്പോള്‍ സുരക്ഷിതരാണെന്നും, ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളവരോട് മടങ്ങാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. 

അതിര്‍ത്തിയിലെ സൈനികവിന്യാസം ഭാഗികമായി പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധഭീതിയില്‍ നേരിയ അയവു വന്നിട്ടുണ്ട്. എന്നാല്‍ ആക്രമണ സാധ്യത ഇപ്പോഴുമുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങലെ അണിനിരത്തി നേരിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.