'ഓരോ വീടും ആറ്റുകാല്‍'; അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍, ചിത്രങ്ങള്‍ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 06:28 PM  |  

Last Updated: 17th February 2022 06:29 PM  |   A+A-   |  

attukal

ചിത്രം: എക്‌സ്പ്രസ്‌


ക്തിസാന്ദ്രമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ വീട്ടുമുറ്റങ്ങളിലാണ് പൊങ്കാലയര്‍പ്പിച്ചത്. 

രാവിലെ 10.23ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീപകര്‍ന്നു.തോറ്റംപാട്ട് അവസാനിച്ചപ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി പി ഈശ്വരന്‍ നമ്പൂതിരിക്കു നല്‍കി. 

മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ തെളിച്ചശേഷം അതേദീപം സഹമേല്‍ശാന്തിക്കു കൈമാറി. 

അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകര്‍ന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.

ഇതോടെ ആയിരക്കണക്കിനു വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. 

ബുധനാഴ്ച മുതല്‍ തന്നെ പൊങ്കാല സമര്‍പ്പണ ഒരുക്കങ്ങളുമായി ഭക്തര്‍ കാത്തിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഭക്തര്‍ വീടുകളില്‍ പൊങ്കാല അര്‍പ്പിച്ചത്. 

വിവിധ ക്ഷേത്രങ്ങളും റസിഡന്‍സ് അസോസിയേഷനുകളും പൊങ്കാല അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 

1500 പേര്‍ക്ക് ക്ഷേത്ര വളപ്പില്‍ പൊങ്കാലയര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റ്, ഭക്തരോട് വീടുകളില്‍ തന്നെ പൊങ്കാലയിടാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.