'എഐഎസ്എഫിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും'; പൊലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2022 07:48 PM |
Last Updated: 17th February 2022 07:49 PM | A+A A- |

സംഘര്‍ഷത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്, എഐവൈഎഫ് പതാക
തിരുവനന്തപുരം: തൃശൂരിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ, പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. എഐഎസ്എഫിനോട് പൊലീസ് മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കുമെന്ന് എന്‍ അരുണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: തൃശൂരിലെ പൊലീസിന്റെ എഐഎസ്എഫ് സഖാക്കളോടുള്ള അതിക്രമത്തിനും പക്ഷപാത സമീപനത്തിനും ശക്തമായ മറുപടി നല്‍കും. എഐഎസ്എഫ് സഖാക്കളോട് പൊലീസ് നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ പൊലീസിനെ മര്യാദ പഠിപ്പിക്കും'.
പൊലീസ് വേട്ടക്കാര്‍ക്കൊപ്പം; എഐഎസ്എഫ്
നേരത്തെ, എസ്എഫ്‌ഐയ്ക്കും പൊലീസിനും എതിരെ എഐഎസ്എഫ് സംസ്ഥാന നേതൃത്വവും രംഗത്തുവന്നിരുന്നു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പകരം എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പൊലീസ് ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നത് എന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
'ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ: കോളജില്‍ എഐഎസ്എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ അക്രമം നടത്തിയ എസ്എഫ്‌ഐയുടെയും പരിക്ക് പറ്റിയവരെ സന്ദര്‍ശിക്കാന്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ നേതാക്കളെ അക്രമിച്ച പൊലീസ് നടപടിയും പ്രതിഷേധാര്‍ഹമാണ്.
കോളജിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിന് വേണ്ടി സമരം നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
അക്രമത്തില്‍ പരിക്ക് പറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനല്‍കുമാര്‍, ഫ്രെഡി, ഫായിസ്, അഖില്‍ പി എസ്സ്, നിജിലാഷ്, രഞ്ജിത് കെ വി എന്നിവരെ പൊലീസ് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പകരം എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പൊലീസ് ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നത്. പൊലീസിന്റെ തെറ്റായ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധവും നിയമപോരാട്ടവും നടത്തുമെന്നും അതിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണണം' എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീറും സെക്രട്ടറി ജെ അരുണ്‍ ബാബുവും പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഘര്‍ഷം, ലാത്തി ചാര്‍ജ്; പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ച് എംഎല്‍എ
ഒല്ലൂര്‍ വൈലോപ്പിള്ളി കോളജില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്.സംഘട്ടനത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐഎഐഎസ്എഫ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെവച്ച് ഇരുകൂട്ടരും ഏറ്റുമുട്ടി. സംഭവ സ്ഥലത്തെത്തിയ പൊലീസ്, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനല്‍ അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെയും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജിന്റെയും നേതൃത്വത്തില്‍ ഒരു സംഘം സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുത്തു എന്നാരോപിച്ചാണ് പ്രതിഷേധം.