ഒടുവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; നയപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങി; പൊതുഭരണ വകുപ്പ് സെക്രട്ടറിയെ നീക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 06:46 PM  |  

Last Updated: 17th February 2022 06:46 PM  |   A+A-   |  

pinarayi met governor

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്. 

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട തര്‍ക്കമണ് ഒപ്പിടല്‍ വൈകിച്ചത്. ഗവര്‍ണറുടെ സ്റ്റാഫ് നിയമനത്തിലെ സര്‍ക്കാര്‍ നിലപാടും ഗവര്‍ണറെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതിലാലിന് പകരം പൊതുഭരണവകുപ്പിന്റെ ചുമതല ശാരദ മുരളീധരന് നല്‍കി ഉത്തരവിറക്കി. 

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

സമീപകാലത്ത് സര്‍ക്കാരുമായി പല കാര്യങ്ങളിലും ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയതിന് പിന്നാലെ മഞ്ഞുരുകകയും ചെയ്തിരുന്നു.