ഐഎന്‍എല്‍  പിളര്‍ന്നു; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് അബ്ദുള്‍ വഹാബ് പക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 03:26 PM  |  

Last Updated: 17th February 2022 03:26 PM  |   A+A-   |  

Abdul Wahab announces new state office bearers

അബ്ദുൾ വഹാബ് / ഫെയ്സ്ബുക്ക് ചിത്രം

 

കോഴിക്കോട് : ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്‍  പിളര്‍ന്നു. അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഐഎന്‍എല്‍ പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചു വിട്ടിരുന്നു.  

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് അബ്ദുള്‍ വഹാബ് പക്ഷം രംഗത്തെത്തിയിരുന്നു. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് അബ്ദുള്‍ വഹാബ് പക്ഷം പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. 

എ പി അബ്ദുള്‍ വഹാബ് സംസ്ഥാന പ്രസിഡന്റായി തുടരും. നാസര്‍കോയ തങ്ങള്‍ (ജന.സെക്രട്ടറി), വഹാബ് ഷാജി (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങള്‍.

സംസ്ഥാന കൗണ്‍സിലില്‍ 120 പേരാണുള്ളത്. ഇന്നു വിളിച്ചുചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 75 കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് പക്ഷം അവകാശപ്പെട്ടു.   

വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം.