ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ മരുമകന്‍ പ്രസിഡന്റല്ല; എല്ലാം ബോര്‍ഡ് അനുമതിയോടെ; ആര്യാടനും മകനും ചെയ്തത് സതീശന്‍ അന്വേഷിക്കണം; എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 04:27 PM  |  

Last Updated: 17th February 2022 04:27 PM  |   A+A-   |  

mm_mani

എംഎം മണി മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: കെഎസ്ഇബി ഭൂമി കൈമാറ്റത്തില്‍ ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്ന് മുന്‍മന്ത്രി എംഎം മണി. ക്വട്ടേഷന്‍ നല്‍കിയാണ് സൊസൈറ്റികള്‍ക്ക് കൊടുത്തത്. എല്ലാം കൊടുത്തത് അനുമതിയോടെയാണെന്നും എംഎം മണി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയേണ്ടതില്ല. പക്ഷെ ഇവിടെ ആരോപിച്ച എല്ലാ കാര്യവും നിയമപരമായാണ് ചെയ്തത്. തന്റെ മരുമകന്‍ വരുന്നതിന് മുന്‍പാണ് സൊസൈറ്റിക്ക് കൊടുത്തതെന്നും എംഎം മണി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലത്ത് ഭൂമി ബന്ധുക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. അതെല്ലാം ചെയ്തത് ആര്യാടനും മകനും കൂടിയാണ്. അക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതൊക്കെ വിഡി സതീശന്‍ ഒന്ന് അന്വേഷിക്കണം. ആവശ്യമായ തെളിവുകള്‍ നല്‍കാമെന്നും മണി പറഞ്ഞു.

താന്‍ ചെയ്യുന്നത് പന്തികേടാണെന്ന് ചെയര്‍മാനും മന്ത്രിക്കും തോന്നിയാല്‍ പിന്നെ പേടി തോന്നുന്നത് സാധാരണമാണ്. തനിക്ക് എകെജി സെന്ററില്‍ എത്താന്‍ ഒരു സംരക്ഷണവും വേണ്ടെന്ന് തോന്നുന്നത് തന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ കൈ ശുദ്ധമാണ്. ജനങ്ങള്‍ക്ക് വേണ്ടി വൈദ്യുതി ബോര്‍ഡില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണവൈദ്യൂതികരണം നടത്തിയിട്ടുണ്ട്. എല്ലാ സംഘടനയെയും യോജിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും മണി പറഞ്ഞു. 

 ചെയര്‍മാന്‍ തുടരുമോ എന്ന കാര്യത്തിന് അതെല്ലാം ഭരിക്കുന്നവരോട് ചോദിക്കണമെന്നായിരുന്നു മണിയുടെ മറുപടി.