മുഖ്യമന്ത്രി നേരിട്ട് എത്തിയിട്ടും വഴങ്ങിയില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍;  അനിശ്ചിതത്വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 06:06 PM  |  

Last Updated: 17th February 2022 06:12 PM  |   A+A-   |  

governor Arif Mohammad Khan

​ഗവർണർ

 

തിരുവനന്തപുരം:  നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ ഉപാധിവെച്ചിരിക്കുന്നത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലായി.  സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവമാണിത്.

മുഖ്യമന്ത്രിയുടെ അനുയനീക്കവും ഫലം കണ്ടില്ല. നാളെ രാവിലെ ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം നടക്കേണ്ടത്.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

സമീപകാലത്ത് സര്‍ക്കാരുമായി പല കാര്യങ്ങളിലും ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയതിന് പിന്നാലെ മഞ്ഞുരുകകയും ചെയ്തിരുന്നു.