കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 18th February 2022 10:58 AM |
Last Updated: 18th February 2022 10:58 AM | A+A A- |

പ്രതീകാത്മക ചിത്രം
കുമളി: കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന് (28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണു മരിച്ചത്.
ബോഡിനായ്ക്കന്നൂര്‍ മുന്തലിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും. ബോഡിനായ്ക്കന്നൂരില്‍ അണ്ണാ ഡിഎംകെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ബൈക്കില്‍ ബോഡിനായ്ക്കന്നൂര്‍ - മൂന്നാര്‍ റോഡിലൂടെ തിരിച്ചുവരുമ്പോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്കു തെറിച്ചു വീണ് തല്‍ക്ഷണം മരിച്ചു.