മധു വധക്കേസ് ഇന്ന് സ്പെഷ്യൽ കോടതി പരി​ഗണിക്കും; പുതിയ പ്രോസിക്യൂട്ടർമാർ ഹാജരാകും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 07:40 AM  |  

Last Updated: 18th February 2022 07:40 AM  |   A+A-   |  

madhu

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസ് മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന പരി​ഗണിക്കും. കേസിൽ ഇന്ന് പുതിയ പ്രോസിക്യൂട്ടർമാർ ഹാജരാകും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി പാലക്കാടു നിന്നുള്ള രാജേഷ് എം മേനോനും ഇന്ന് കോടതിയിലെത്തും. 

നേരത്തെ മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടു പോകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്. 

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു  മധുവിന്റെ കൊലപാതകം.