ഉറക്ക​ഗുളിക നൽകി കൈഞെരമ്പ് മുറിച്ചു, പിന്നാലെ ആത്മഹത്യാശ്രമം; മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജീവപര്യന്തം റദ്ദാക്കി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 08:58 AM  |  

Last Updated: 18th February 2022 08:58 AM  |   A+A-   |  

HIGHCOURT

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: ഒൻപതുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജീവപര്യന്തം റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് അങ്കമാലി മുക്കന്നൂർ സ്വദേശി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി വെറുതെവിട്ടത്. അമ്മയ്‌ക്കെതിരായ ആരോപണം തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യത്തിൽ യുവതിയെ വെറുതെ വിടുകയായിരുന്നു. 

2016 ഏപ്രിൽ 30നായിരുന്നു കേസിനാസ്പദമായ സംഭവം. അങ്കമാലി മൂക്കന്നൂർ പനങ്ങാട്ടുപറമ്പിൽ ടീനയുടെ (37) ജീവുപര്യന്തമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് സി ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. വിചാരണ കോടതി തെളിവുകൾ വേണ്ടവിധം പരിശോധിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 

ഭർത്താവിനോടുള്ള വഴക്കിനെത്തുടർന്ന് മകനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. മകന് ഉറക്ക​ഗുളിക നൽകിയശേഷം കൈഞെരമ്പ് ബ്ലെയ്ഡ് ഉപയോ​ഗിച്ച് മുറിച്ചു. ഉണർന്ന കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നാലെ ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ച ടീന കൈയിലെ ഞെരമ്പ് ബ്ലെയ്ഡ് ഉപയോ​ഗിച്ച് മുറിച്ചെന്നാണ് പൊലീസ് കേസ്. അതേസമയം മരണ കാരണം ശരീരത്തിലെ മുറിവോ, വിഷം നൽകിയതോ, ഞരമ്പ് മുറിച്ചതോ അല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. 

കുട്ടിയും അമ്മയും കിടന്നിരുന്ന വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മറ്റാരെങ്കിലും വീട്ടിൽ കയറാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും കോടതി വിലയിരുത്തി. അനുമാനത്തിന്റെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന് കോടതി വിലയിരുത്തി.