ഗവര്‍ണര്‍ വിലപേശിയത് ശരിയായില്ല; സര്‍ക്കാര്‍ വഴങ്ങിയ രീതിയും ശരിയായില്ല; രൂക്ഷ വിമര്‍ശനവുമായി കാനം

​ഗവർണറെ കാണാൻ പോയതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കെന്ന് കാനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ സര്‍ക്കാരുമായി വിലപേശിയത് ശരിയായില്ല. അത് വില കുറഞ്ഞ നടപടിയായിപ്പോയെന്ന് കാനം പറഞ്ഞു. 

ഗവര്‍ണറുടെ വിലപേശലിനോട് സര്‍ക്കാര്‍ വഴങ്ങിയ രീതിയും ശരിയായില്ല. ഉദ്യോഗസ്ഥരെ മാറ്റുമോ മാറ്റാതിരിക്കുകയോ എന്നതല്ല, ഭരണഘടനാ ബാധ്യത നിറവേറ്റുക എന്നതാണ് ഗവര്‍ണറുടെ ചുമതല. നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിപ്രായ വ്യത്യാസം എന്തെങ്കിലും ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് പറയാം. 

പക്ഷെ കാബിനറ്റ്  അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അപ്പടി അംഗീകരിക്കാനും വായിക്കാനും ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതൊക്കെ അദ്ദേഹത്തിനോട് ചോദിക്ക് എന്നായിരുന്നു കാനത്തിന്റെ മറുപടി. 

രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണം. പക്ഷെ അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അത്ര ശരിയാണെന്ന അഭിപ്രായം കേരള സമൂഹത്തിനുണ്ടെന്ന ധാരണ ഗവര്‍ണര്‍ക്ക് ഉണ്ടാകേണ്ടെന്നും കാനം പറഞ്ഞു.  ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായം സിപിഐക്കുണ്ട്. 

അക്കാര്യം പാര്‍ട്ടി പരസ്യമായി വ്യക്തമാക്കിയതാണ്. അത് പറയേണ്ട സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ പറയും. ഇനിയും പറയുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് അറിയിച്ചതിലാണ് കാനത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com