പകല്‍ വൈദ്യുതി നിരക്ക് കുറയ്ക്കും; രാത്രി കൂട്ടുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

കരിയാര്‍കുറ്റി പദ്ധതി വന്നാല്‍ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികള്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്മാര്‍ട്ട് മീറ്റര്‍ അടുത്തു തന്നെ വരും. അപ്പോള്‍ പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനാകും. അതേസമയം പീക് അവറില്‍ ലേശം കൂട്ടാനും കഴിയും. പകല്‍സമയത്ത് നിരക്ക് കുറച്ചാലല്ലേ നാട്ടില്‍ വ്യവസായം വരുകയുള്ളൂവെന്നും മന്ത്രി ചോദിച്ചു. 

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിര്‍ത്തണം, അതിന് ഒരു ഉടക്ക് താന്‍ പറയണം എന്നാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത്. അതിരപ്പിള്ളിയെ വിട്, ബാക്കിയുള്ളത് നമുക്ക് തുടങ്ങാമെന്നും മന്ത്രി പറഞ്ഞു. 

കരിയാര്‍കുറ്റി പദ്ധതി വന്നാല്‍ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്‌നത്തില്‍, ചെയര്‍മാനും ബോര്‍ഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്. ഇപ്പോള്‍ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ചെയര്‍മാന് മന്ത്രിയുടെ പിന്തുണ ഉണ്ടെന്നാണോ കണക്കാക്കേണ്ടതെന്ന് ചോദ്യത്തിന്, ചെയര്‍മാനെ സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. മന്ത്രിക്ക് ഇതില്‍ എന്ത് പിന്തുണയാണുള്ളതെന്ന് കൃഷ്ണന്‍കുട്ടി ചോദിച്ചു. കാബിനറ്റാണ് തീരുമാനിക്കുന്നത്. കെഎസ്ഇബിയിലെ പ്രശ്‌നങ്ങളില്‍ ചെയര്‍മാന്റെയും ജീവനക്കാരുടേയും ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുകയാണെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com