കൃഷ്ണകുമാറിന്റേത് വൃദ്ധമനസ്സിന്റെ ജല്‍പ്പനം; സ്വപ്നയെ പിരിച്ചുവിടില്ലെന്ന് എച്ച് ആര്‍ഡിഎസ് 

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് കൃഷ്ണകുമാറിനെ പുറത്താക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: നിയമന വിവാദത്തില്‍ സ്വപ്‌ന സുരേഷിനെ പിന്തുണച്ച് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി. സ്വപ്നയെ പിരിച്ചുവിടില്ലെന്ന് എച്ച് ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു. നിയമനത്തിനെതിരെ രംഗത്തുവന്ന എസ് കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ആറുമാസം മുമ്പ് പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 

കൃഷ്ണകുമാറിന്റേത് വൃദ്ധമനസ്സിന്റെ ജല്‍പ്പനമാണ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് കൃഷ്ണകുമാറിനെ പുറത്താക്കിയത്. കൃഷ്ണകുമാറിന് സംഘടനയുമായി ബന്ധമില്ല. സ്വപ്‌നയുടെ നിയമനത്തില്‍ പുനര്‍വിചിന്തനമില്ലെന്നും ബിജുകൃഷ്ണന്‍ പറഞ്ഞു. സ്വപ്‌നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജോയി മാത്യുവും പറഞ്ഞു. നിയമനം റദ്ദാക്കിയതായി അറിയില്ലെന്ന് സ്വപ്‌നയും പ്രതികരിച്ചു.
 

ശമ്പളം  പ്രതിമാസം 43,000 രൂപ 

ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഡയറക്ടറായിട്ടാണ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ നിയമിച്ചത്. സ്വപ്ന ഇന്നലെ പുതിയ ജോലിയിൽ പ്രവേശിച്ചു.  പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.

ജീവിതത്തിലെ രണ്ടാം ഭാഗമെന്ന് സ്വപ്ന

പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗമാണെന്ന് സ്വപ്ന ഇന്നലെ പ്രതികരിച്ചിരുന്നു. സ്വപ്നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് എച്ച്ആര്‍ഡി എസ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയി മാത്യുവും പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണനും പറഞ്ഞു.

സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവെന്ന് കൃഷ്ണകുമാർ

ഇതിന് പിന്നാലെയാണ് സ്വപ്നയുടെ നിയമനത്തെ എതിർത്ത് എച്ച് ആര്‍ഡിഎസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ രം​ഗത്തെത്തിയത്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ല. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. ബിജെപി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com