ഇല്ലാത്ത ജ്യൂസ് കടയുടെ പേരിൽ തട്ടിയത് 75 ലക്ഷം, ശബരിനാഥിന്റെ തട്ടിപ്പ് വീണ്ടും; യുവാക്കളുടെ പരാതിയിൽ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 08:09 AM  |  

Last Updated: 19th February 2022 08:09 AM  |   A+A-   |  

juicevcbngn

പ്രതീകാത്മക ചിത്രം

 

ഇടുക്കി; ഇല്ലാത്ത ജ്യൂസ് കമ്പനിയുടെ പേരിൽ 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. പത്തുമുട്ടം സ്വദേശികളായ പത്തു യുവാക്കളാണ് രം​ഗത്തെത്തിയത്. ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. വഞ്ചനക്കുറ്റത്തിനു കേസെടുത്ത് മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. 

2020ൽ ആണ് സംഭവമുണ്ടായത്. തമിഴ്നാട്ടിൽ നിബിൽ നാഥിന്റെ സഹോദരന് ജ്യൂസ് കമ്പനി ഉണ്ടെന്നും ഇതിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു. മറ്റൊരു ജ്യൂസ് സ്ഥാപനത്തിന്റെ പരസ്യം കാണിച്ച് വിശ്വാസം നേടുകയും വ്യാജ പാർട്നർഷിപ് കരാർ ഉൾപ്പെടെ ഉണ്ടാക്കുകയും ചെയ്തെന്നുമാണ് മുട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. 

 കമ്പനിയുടെ ഉടമ എന്നു പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിക്കുകയും ചെയ്തു. ചിട്ടി പിടിച്ചും കടം വാങ്ങിയും സംഘടിപ്പിച്ച 75 ലക്ഷം രൂപ ഐസിഐസിഐ ബാങ്കിന്റെ കോഴിക്കോട് ഫറോക്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് അയച്ചുകൊടുത്തത്. 6 മാസം ലാഭവിഹിതം ലഭിച്ചു. തുടർന്ന് മുടങ്ങി. യുവാക്കൾ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ ഇങ്ങനെ സ്ഥാപനം ഇല്ലെന്നും കണ്ടെത്തുകയായിരുന്നു. നിബിൽ നാഥ് മുട്ടം എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥിയാണ്.