'ചില പിശകുകളുണ്ട്'; വിവാദമായ ഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കെഎസ്ഇബി ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 09:26 PM  |  

Last Updated: 19th February 2022 09:26 PM  |   A+A-   |  

kseb

പുതിയ എഫ്ബി പോസ്റ്റ്, ബി അശോക്‌

 

തിരുവനന്തപുരം: വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ബോര്‍ഡിനെയും ജീവനക്കാരെയും കുറിച്ചു ബോര്‍ഡിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ വിവാദ കുറിപ്പാണ് പിന്‍വലിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനയും ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും കുറിപ്പില്‍ ഉണ്ടായിരുന്നു.

ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കില്‍ തയാര്‍ ചെയ്ത കുറിപ്പില്‍ ചില പിശകുകള്‍ ഉള്ളതിനാലും ഫെബ്രുവരി 14 ലെ തന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം പിന്‍വലിക്കുന്നുവെന്ന് അശോക് തന്നെയാണ് ബോര്‍ഡിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ജീവനക്കാരുമായി ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയില്‍ വിവാദ ഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു.

സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയുമായുള്ള തര്‍ക്കം കനക്കുന്നതിനിടെ ആയിരുന്നു ബി അശോക് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തവന്നത്. അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന സമര സമിതിയുടെ നിലപാടിന് മറുപടിയായിരുന്നു കുറിപ്പ്. 

ടൂറീസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി.സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു. നൂറു കണക്കിന് ഏക്കര്‍ സ്ഥലം ഫുള്‍ബോര്‍ഡോ സര്‍ക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് നല്‍കിയെന്നും ചെയര്‍മാന്‍ ആക്ഷേപിച്ചിരുന്നു.