അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി; ​ഗവർണറുടെ ഉപദേശം വേണ്ട: തിരിച്ചടിച്ച് സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 02:03 PM  |  

Last Updated: 19th February 2022 02:03 PM  |   A+A-   |  

V D Satheesan criticises jaleel

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ​ഗവർണർ പദവിയിൽ ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോ​ഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാറുമായി വിലപേശിയ ​ഗവർണറുടെ നടപടി പദവിക്കു നിരക്കാത്തതാണെന്ന് സതീശൻ കുറ്റപ്പെടുത്തി. 

സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്​താവായാണ്  ഗവർണർ പെരുമാറുന്നത്. സംസ്ഥാന സർക്കാറിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്​. ബിജെപി ചെയ്യേണ്ട കാര്യമാണ്​ ഗവർണർ ചെയ്യുന്നത്​. ലോകയുക്​ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത്​ ഭരണഘടന ബാധ്യതയാണെന്ന്​  പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട്​ മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാറും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്​മെൻറ്​ രാഷ്ട്രീയമാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച്​ രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായ ആരിഫ്​ മുഹമ്മദ്​ ഖാന്റെ ഉപദേശം തനിക്ക്​ ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു. ജീവശ്വാസം നിലയ്ക്കുന്നത്​ വരേയും താൻ കോൺഗ്രസായി തുടരും. മുതിർന്ന നേതാക്കളോട്​ താൻ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വിഡി സതീശന് ധാരണയില്ലെന്നു ഗവർണർ വിമർശിച്ചിരുന്നു. സതീശൻ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.