സ്‌കൂളുകള്‍ നാളെ തുറക്കും; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍; പൂര്‍ണ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 07:58 PM  |  

Last Updated: 20th February 2022 07:58 PM  |   A+A-   |  

sivankutty

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

പൊതുവിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നത് മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വകുപ്പുതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി യോഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.