ഒന്നിച്ചിരുന്ന് മദ്യപിച്ചു; കളിയാക്കിയത് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച് കനാലില്‍ മുക്കി കൊന്നു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 07:37 PM  |  

Last Updated: 20th February 2022 07:37 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തെ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കടയ്ക്കാവൂര്‍ കോണത്തുവീട്ടില്‍ മണികണ്ഠന്‍ (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ഇടുക്കി രാജക്കാട് വട്ടപ്പാറയില്‍ അജീഷ്(28) അറസ്റ്റിലായി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 17ന് രാവിലെയാണ് മണികണ്ഠന്റെ മൃതദേഹം കനാലില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- കഴിഞ്ഞ 15ന് വൈകീട്ട് ഏഴ് മണിയോടെ കൊച്ചുപാലത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിലെത്തി മണികണ്ഠനും അജീഷും മദ്യപിച്ചു. അതിനിടെ മണികണ്ഠനെ അജീഷ് കളിയാക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. സംഘര്‍ഷത്തിനിടെ അജീഷ് സമീപത്തെ റെയില്‍വേ പാളത്തില്‍ നിന്ന് കല്ലെടുത്ത് മണികണ്ഠനെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

സംഘര്‍ഷത്തില്‍ തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ അജീഷ് ഓട്ടോറിക്ഷയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. 17ന് മണികണ്ഠനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ കൊച്ചുപാലത്തിനു സമീപത്തു നിന്ന് ഇയാളുടെ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്.

ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് സ്വദേശമായ ഇടുക്കിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെയും സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് സ്വദേശിയായ അജീഷ് കടയ്ക്കാവൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചാണ് ഇവിടെ താമസമാക്കിയത്. കരാറെടുത്ത് മേസ്തിരിപ്പണി നടത്തുന്ന മണികണ്ഠനൊപ്പം അജീഷ് ജോലിക്ക് പോയിരുന്നു. അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലായത്.

തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.